ഗൈനക്കോളജി പ്രശ്നങ്ങൾക്ക് പരിഹാരമായി റോബോട്ടിക് സർജറി; സാധ്യതകളും നേട്ടങ്ങളുമേറെ
സാങ്കേതിക വിദ്യയുടെ വളർച്ച രാജ്യത്തെ ആരോഗ്യ രംഗത്ത് പലവിധ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ചികിത്സാ മാർഗങ്ങൾ ആരോഗ്യ മേഖലയിലെ വളർച്ചയുടെ വേഗത കൂട്ടിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. ഇന്ന് ശസ്ത്രക്രിയ പല രോഗചികിത്സയുടെയും പ്രധാന ഭാഗമാണ്. ഓപ്പൺ സർജറി, ലാപ്രോസ്കോപ്പിക് സർജറി തുടങ്ങിയ പല തരത്തിലുള്ള ശസ്ത്രക്രിയ മാർഗങ്ങൾ ആരോഗ്യ വിദഗ്ധർ സാഹര്യങ്ങൾക്ക് അനുസരിച്ച് സ്വീകരിക്കാറുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഈ ശസ്ത്രക്രിയകൾ റോബോട്ടിക്കുകളുടെ സഹായത്തോടെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന സംഭാവനയാണ് റോബോട്ടിക് സർജറി. ആരോഗ്യ രംഗത്ത് റോബോട്ടിക് സർജറി ഇന്ന് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
എന്താണ് റോബോട്ടിക് സർജറി?
സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്. ഓപ്പൺ സർജറി, ലാപ്രോസ്കോപ്പി തുടങ്ങിയ പരമ്പരാഗത രീതിയിൽ ചെയ്യാൻ ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയകൾക്കാണ് സാധാരണ റോബോട്ടിക് സർജറി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. കൃത്യത, സൂക്ഷ്മത എന്നിവ ഉറപ്പാക്കി സങ്കീർണതകൾ നിറഞ്ഞ സർജറികൾ വിജയകരമായി പൂർത്തിയാക്കാൻ റോബോട്ടിക് സർജറി ഒരു സർജനെ സഹായിക്കുന്നു.
റോബോട്ടിക് സർജറിയെന്നാൽ പൂർണമായും റോബോട്ട് ആണ് സർജറി ചെയ്യുന്നതെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. റോബട്ടിന്റെ സഹായത്തോടെ സർജനാണ് ശസ്ത്രക്രിയ ചെയ്യുന്നത്. റോബട്ടിന്റെ നാല് കരങ്ങളിലൊന്നിൽ പല ആംഗിളുകളിൽ തിരിയുന്ന എൻഡോസ്കോപ്പും (ക്യാമറ), മറ്റു മൂന്നു കരങ്ങളിൽ ശസ്ത്രക്രിയ ഉപകരണങ്ങളും സർജറിക്ക് വേണ്ടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കും. ഈ റോബട്ടിക് കരങ്ങളുടെ കൺട്രോൾ സർജന്റെ കയ്യിലായിരിക്കും. രോഗിയിൽനിന്ന് അൽപം അകലെയുള്ള കൺസോളിലിരുന്ന് സർജന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് റോബട്ട് ശസ്ത്രക്രിയ ഉപകരണങ്ങൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്നു.
ഗൈനക്കോളജിയിലെ റോബോട്ടിക് സർജറി
ഗൈനക്കോളജിയിൽ റോബോട്ടിക് സർജറി പല സാഹചര്യങ്ങളിലും ഉപയോഗിക്കാം. വലിയ ഗർഭാശയ മുഴകൾ പോലുള്ളവ നീക്കം ചെയ്യാൻ റോബോട്ടിക് സർജറിയിലൂടെ സാധിക്കും. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിലോ എൻഡോമെട്രിയത്തിലോ ഉള്ള കോശങ്ങൾക്ക് സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന വേദനാജനകമായ രോഗാവസ്ഥയായ എൻഡോമെട്രിയോസിസ് ശസ്ത്രക്രിയ പോലുള്ളവ അതിവിദഗ്ധമായും വിജയകരമായും പൂർത്തീകരിക്കാൻ റോബോട്ടിക് സർജറിയിലൂടെ സാധിക്കും.
സ്ത്രീകളിൽ കാൻസർ സർജറികൾക്കും റോബോട്ടിക് സർജറികൾ വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ട്. ഓപ്പണ്‍ കാന്‍സര്‍ സര്‍ജറികള്‍ വളരെ വേദനാജനകവും രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. എന്നാല്‍ റോബട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ സാധ്യമായതോടെ ഇതിൽ വലിയ മാറ്റമുണ്ടായി. വേദന കുറവ്, കുറഞ്ഞ കാലയളവിലെ ആശുപത്രി വാസം, അര്‍ബുദത്തിന്റെ സ്വഭാവവും ഘട്ടവുമനുസരിച്ച് വേഗത്തിലെ ഭേദമാക്കല്‍ തുടങ്ങിയ നിരവധി പ്രയോജനങ്ങള്‍ റോബോട്ടിക്ക് സര്‍ജറിക്കുണ്ട്.
സ്ത്രീകളിൽ ഗര്‍ഭാശയത്തിലെ മുഴകള്‍ അഥവാ ഫൈബ്രോയ്ഡ്‌സ് കൂടുതലായി കണ്ടുവരുന്നുണ്ട്. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോയിഡുകള്‍ കൂടുതല്‍ കണ്ടു വരുന്നത്. റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഗർഭാശയത്തെ സംരക്ഷിച്ചുകൊണ്ടുതന്നെ ഗർഭാശയ മുഴകൾ നീക്കം ചെയ്യാൻ സാധിക്കുന്നു. ഇതിലൂടെ സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമതയ്ക്കും സംരക്ഷണം നൽകുന്നു.
ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉൾപ്പാട ഗർഭപാത്രത്തിൽ രൂപപ്പെടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരാം. ഈ അവസ്ഥയാണ് എൻഡോ മെട്രിയോസിസ്. റോബോട്ടിക് സർജറിയിലൂടെ എൻഡോമെട്രിയോസിസ് കോശങ്ങളെ വിജയകരമായി നീക്കം ചെയ്യാൻ സാധിക്കും. ഗർഭാശയം നീക്കം ചെയ്യുന്നതിനും റോബോട്ടിക് സർജറി സഹായിക്കുന്നുണ്ട്.
റോബോട്ടിക് സർജറിയുടെ നേട്ടം
3ഡി ക്യാമറ സംവിധാനത്തിലൂടെ ശസ്ത്രക്രിയ ചെയ്യേണ്ട ശരീര ഭാഗങ്ങൾ 10 മടങ്ങ് വലിപ്പത്തിൽ വ്യക്തമായി കാണാനാകും. ശരീരഭാഗങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ കൃത്യതയോടും, സൂക്ഷ്മമതയോടും ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ ഉപകരണങ്ങൾ നിയന്ത്രിക്കാനാകും. സങ്കീർണമായ ശസ്ത്രക്രിയകൾ വളരെ സൂക്ഷ്മതയോടുകൂടി നടത്താൻ റോബോട്ടിക് സർജറി സഹായിക്കുന്നു.
ശസ്ത്രക്രിയ കഴിഞ്ഞുള്ള വേദന, രക്തസ്രാവം, വേഗത്തിൽ സുഖം പ്രാപിക്കൽ എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ഓപ്പൺ സർജറിയിൽ രോഗിയിലുണ്ടാക്കുന്ന മുറിവുകൾ വലുതാണ്. രോഗി ഏറെനാൾ ആശുപത്രിയിൽ കഴിയേണ്ടതായും വരും. എന്നാൽ, ഓപ്പൺ സർജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയിൽ കഴിയേണ്ട സമയം കുറയ്ക്കാനാകും. മുറിവ് ചെറുതായതിനാൽ അണുബാധയ്ക്കുള്ള സാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്ക് ഇടയിലുള്ള രത്സസ്രാവവും കുറവാണ്.
ശസ്ത്രക്രിയയ്ക്കുശേഷം വേദനസംഹാരിയായ മരുന്നുകൾ രോഗികൾക്ക് വേണ്ടിവരുന്നില്ല. സർജറിക്ക് ശേഷം ചിലരിലെങ്കിലും കാണാറുളള മൂത്രം പോക്ക്, ഉദ്ധാരണ കുറവ് എന്നിവയ്ക്കുളള സാധ്യത കുറയുന്നുവെന്നതും റോബോട്ടിക് സർജറിയുടെ നേട്ടങ്ങളാണ്.